മൂവാറ്റുപുഴ :കിഴക്കേക്കര ശിവദം (ആണ്ടൂർ) വീട്ടിൽ എ.ജി.ബാബു അന്തരിച്ചു. 63 വയസ്സായിരുന്നു. ഭാര്യ: ലൗലി (റിട്ട. അദ്ധ്യാപിക). മക്കൾ: അനഘ (അസോ. പ്രൊഫസർ, ക്രൈസ്റ്റ് കോളേജ്, ബംഗലൂരു), അഗസ്ത്യ @ അപ്പു (ആസ്ത്രേലിയ). സംസ്കാരം ഇന്ന് (05/09/2022, തിങ്കൾ) വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ.
പത്രപ്രവർത്തകൻ, അദ്ധ്യാപകൻ, ഗ്രന്ഥകർത്താവ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ച വ്യക്തിത്വമായിരുന്നു എ.ജി.ബാബുവിന്റേത്. ദൂരദർശന്റെ ആദ്യ മലയാളം ഫിനാൻഷ്യൽ റിവ്യൂ – അർത്ഥവിചാരം, നിരവധി ശ്രദ്ധേയങ്ങളായ അഭിമുഖങ്ങൾ എന്നിവ ഇദ്ദേഹം ചെയ്തു. കേരള കൗമുദി വാരികയിലും പത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗമായി സേവനമനുഷ്ഠിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ പാക്കിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യ വിഭജനം എന്ന പുസ്തകം പരിഭാഷപ്പെടുത്തി.
ഇന്ത്യൻ എക്സ്പ്രസിലെഴുതിയ ലേഖനത്തിന് ഐക്യരാഷ്ട്ര സഭയുടെ ലഹരി പ്രതിരോധ പരിപാടി (1991-2000) യുടെ ഭാഗമായുള്ള പുരസ്ക്കാരം ലഭിച്ചു. കേരളത്തിലെ ലഹരി വ്യാപാരത്തെക്കുറിച്ചുള്ള പരമ്പരയ്ക്ക് മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരവും നേടി.