Timely news thodupuzha

logo

കണ്ണൂരിൽ ഉരുൾ പൊട്ടൽ , കോട്ടയത്തും പത്തനംതിട്ടയിലും തിരുവനന്തപുരത്തും കനത്ത മഴ

കൊച്ചി ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി.ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വെള്ളം കയറി. പനയംപാടത്തെ തോട് കരകവിഞ്ഞാണ് റോഡില്‍ വെള്ളം കയറിയത്. റോഡിന്റെ ഇരുവശുത്തുമായുള്ള നിരവധി വീടുകളില്‍ വെള്ളം കയറി.

തെക്കന്‍ കേരളത്തിലും വ്യാപകമായി മഴ തുടരുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും ശക്തമായ മഴയും കാറ്റുമാണ് ലഭിക്കുന്നത്. ഓച്ചിറയിലും മുണ്ടയ്ക്കലും വീടുകള്‍ക്ക് മുകളില്‍ മരം വീണു. പരവൂര്‍ പൂതകുളം കലയ്ക്കോട് വൈദ്യുതിലൈനിന് മുകളില്‍ മരം വീണും നാശനഷ്ടമുണ്ടായി. ഏഴുകോണിനും കുണ്ടറയ്ക്കും ഇടയില്‍ റെയില്‍വേ പാളത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്തകാറ്റിനെ തുടര്‍ന്ന് മീന്‍പിടിത്ത ബോട്ടുകള്‍ കരയ്ക്ക് അടുപ്പിച്ചു.

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോട്ടയം ജില്ലയില്‍ മീനച്ചീല്‍ താലൂക്കിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

നാളെ ജില്ലയില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മലയോരത്തും തീരമേഖലയിലും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. തീരമേഖലയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭം രൂക്ഷമാണ്.ഖനനത്തിനും വിലക്കുണ്ട്. ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *