Timely news thodupuzha

logo

പേവിഷ ബാധ; കുട്ടി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി

പത്തനംതിട്ട : റാന്നി പെരുനാട് സ്വദേശിനി അഭിരാമി നായയുടെ കടിയേറ്റ് മരിക്കുവാൻ ഇടയായ സംഭവം ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും പേ വിഷബാധക്കെതിരായ ആന്റി റാബീസ്  വാക്സിൻ കുത്തി വയ്പ്പ് എടുത്തിട്ടും കുട്ടി മരിച്ച സംഭവം ഗൗരവമായി കണ്ട് ഇതെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും ഡി സി സി പ്രസിഡൻറ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ ആദ്യം എത്തിച്ച പെരുനാട് സാമൂഹ്യ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്കുന്നതിലും കുത്തിവയ്പ് നല്കുന്നതിലും ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന കുട്ടിയുടെ കുടുംബത്തിന്റേയും നാട്ടുകാരുടേയും പരാതിയെക്കുറിച്ച്  അന്വഷിച്ച് നടപടി സ്വീകരിക്കണെമെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസ്  ക്രമീകരിക്കുന്നതിനു പോലും ആശുപത്രി അധികൃതർ തയ്യാറാകാതിരുന്നത് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ് .
 
നഗര ഗ്രാമ ഭേദമില്ലാതെ ആക്രമണകാരികളായ തെരുവ് നായ്ക്കൾ ജനങ്ങളുടെ ജീവന് വെല്ലുവിളി ഉയർത്തി അഴിഞ്ഞാടിയിട്ടും വന്ധ്യങ്കരണം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ അവലംബിച്ച് ഇവയെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

 സംസ്ഥാനത്തൊട്ടാകെ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടും ആരോഗ്യ മന്ത്രി പുലർത്തുന്ന നിസംഗത അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ ഉറപ്പ് പാലിക്കുവാൻ നടപടി സ്വീകരിക്കുവാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *