Timely news thodupuzha

logo

കോവിഡ് കേസുകളിൽ 22 ശതമാനം വർധന; കേരളത്തിൽ വ്യാപനം കുറയുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ ഓരാഴ്ചയ്ക്കിടെ 22 ശതമാനം വർധനവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഡിസംബർ അവസാന ആഴ്ച 29 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ കേരളത്തിൽ രോഗ വ്യാപനം കുറയുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു.

കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതിനു മുമ്പുള്ള ആഴ്ചയിൽ 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

ഇത് കഴിഞ്ഞ ഏഴു മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ്. മൂന്ന് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു, ഇതിൽ രണ്ട് മരണം കേരളത്തിലാണ്. നിലവിൽ കേരളത്തിൽ 1869 ആക്ടീവ് കേസുകളാണുള്ളത്.

അതേസമയം കേരളത്തിൽ പ്രതിവാര കേസുകളിൽ കാര്യമായ കുറവുണ്ട്. മുൻപുള്ള ആഴ്ചയേക്കാൾ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. അതേസമയം കർണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *