Timely news thodupuzha

logo

മണിപ്പുരിൽ സംഘപരിവാർ സ്വീകരിച്ചത്‌ ക്രൈസ്തവർ ജീവിക്കേണ്ടെന്ന നിലപാട്, വോട്ടിനായി സൗഹാർദ നീക്കം; തിരിച്ചറിയണമെന്ന് മുഖ്യന്ത്രി

തൃക്കാക്കര: മണിപ്പുരിൽ അക്രമികളെ നിലയ്‌ക്കുനിർത്താൻ ചെറുവിരൽ അനക്കാത്ത ഉന്നതസ്ഥാനീയൻ നാല്‌ വോട്ടിനായി നടത്തുന്ന സൗഹാർദ നീക്കങ്ങൾ ഏവർക്കും തിരിച്ചറിയാനാകുമെന്ന്‌ മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.

സൗഹാർദം അതിന്‌ ഉതകുന്ന നടപടികൾ സ്വീകരിച്ചാകണം. എല്ലാ ശത്രുതയും മനസ്സിൽവച്ചും ക്രൂരകൃത്യങ്ങൾക്ക്‌ കൂട്ടുനിന്നും ഇരകളോട്‌ സൗഹൃദഭാവം നടിച്ച്‌ ചെന്നാൽ അത്‌ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കര മണ്ഡലം നവകേരള സദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണിപ്പുരിൽ ക്രൈസ്തവ വിശ്വാസികൾ ജീവിക്കേണ്ടെന്ന നിലപാടാണ്‌ സംഘപരിവാർ സ്വീകരിച്ചത്‌. പലസ്‌തീനിൽ സയണിസ്‌റ്റുകൾ നടത്തിയതും സമാനമായ ആക്രമണമാണ്‌.

ആക്രമണങ്ങൾക്കെതിരെ ഇന്ത്യയിലെ ക്രൈസ്‌തവ സഭകളും വലിയതോതിൽ പ്രതിഷേധിച്ചു. പുതുവർഷത്തെ വരവേൽക്കുമ്പോൾ ഇതെല്ലാം നമ്മുടെ മനസ്സിൽ ഉയർന്നുനിൽക്കണം.

ആയിരക്കണക്കിന്‌ കുഞ്ഞുങ്ങളെ ഇസ്രയേൽ കൊന്നൊടുക്കിയ ബെത്‌ലഹേമിൽ ഇത്തവണ ക്രിസ്‌മസ്‌ ആഘോഷം വേണ്ടെന്ന്‌ അവിടെയുള്ള ക്രൈസ്‌തവ സഭകൾ തീരുമാനിച്ചു.

കൂട്ടക്കൊലയുടെ സാഹചര്യത്തിൽ ക്രിസ്മസ്‌ പഴയപോലെ ആഘോഷിക്കാനാകില്ലെന്ന് പോപ്പും പറഞ്ഞു. ഇത്‌ ലോകത്തിന്റെ പൊതുവികാരമാണ്‌.

നമ്മുടെ രാജ്യം ഇസ്രയേലിന്‌ ഒപ്പമാണെന്ന്‌ ഗാസയിൽ ആക്രമണം തുടങ്ങിയ ഉടൻ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലൂടെ വ്യക്തമായി. ഇത്‌ നാടിനെ അപമാനത്തിലാഴ്‌ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *