തിരുവനന്തപുരം : ഒപ്പിടില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകൾ ഒഴികെയുള്ളവയിൽ ഒപ്പിടാൻ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിയോ നേരിട്ടെത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരള സര്‍വകലാശാലാ വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ സർവകലാശാലയ്ക്ക് അടിയന്തര നിർദേശം നല്‍കുകയും ചെയ്തു. ഇന്ന് ഉത്തരേന്ത്യയിലേക്കു പോകുന്ന ഗവർണർ ഇനി അടുത്ത മാസമാദ്യമേ തിരിച്ചെത്തൂ.
ഗവർണറുടെ പരിഗണന കാത്തിരിക്കുന്നത് നിയമസഭ പാസാക്കിയ 11 ബില്ലുകളാണ്. ഓരോന്നിലും കൂടുതൽ വ്യക്തതയ്ക്കായി ബന്ധപ്പെട്ട മന്ത്രിമാർ നേരിട്ടെത്തി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം സർക്കാരിന് കത്തയച്ചിരുന്നു. മകളുടെ വിവാഹം ക്ഷണിക്കാൻ കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയോട് ഗവർണർ ഇത് വീണ്ടും ഓർമിപ്പിച്ചതായാണു വിവരം.
അതിനിടെയാണ് വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് അടിയന്തിരമായി സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടത്. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് ഇതുവരെ സർവകലാശാല പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. രണ്ടംഗങ്ങളെ ഗവർണർ തീരുമാനിച്ചിട്ട് ആഴ്ച്ചകൾ പിന്നിട്ടു. നിലവിലെ നിയമപ്രകാരം കമ്മറ്റിയില്‍ മൂന്നംഗങ്ങൾ വേണം.
സർവകലാശാലാ പ്രതിനിധിയായി ജൂണിൽ തീരുമാനിച്ച ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി.കെ. രാമചന്ദ്രൻ പിന്മാറിയത് പുതിയ സർവകലാശാലാ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലാണ്. തുടർന്ന് സർവകലാശാലാ നോമിനിയെ ഒഴിച്ചിട്ട് ചാൻസലറുടെയും യുജിസിയുടേയും പ്രതിനിധികളെ നിയോഗിച്ച് ഗവർണർ സെർച്ച് കമ്മിറ്റിയുണ്ടാക്കി.
മൂന്നംഗ കമ്മിറ്റി രൂപീകരിക്കാതെ രണ്ടംഗ കമ്മിറ്റി നിയമപരമായി നിലനിൽക്കില്ലെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് അതു തള്ളിയ ഗവർണർ വീണ്ടും സർവകലാശാലയോട് പ്രതിനിധിയെ ആവശ്യപ്പെട്ടത് ഇതിനാലാവുമെന്നാണ് കരുതുന്നത്. സർവകലാശാലാ നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് നിയമമായിക്കഴിഞ്ഞാൽ ഗവർണർക്ക് ഇക്കാര്യത്തിൽ അധികാരമില്ലാതെയാവും. അതിനു മുമ്പ് ഗവർണർ നടപടി സ്വീകരിക്കുകയായിരുന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ കേരള സർവകലാശാലാ വിസി നിയമനം നിയമക്കുരുക്കിലാവാനാണു സാധ്യത.