ശിവമൊഗ്ഗ: ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം ആരോപിച്ച് കർണാടക പൊലീസ് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ഒളിവിൽപ്പോയ മൂന്നാമനായി തെരച്ചിൽ തുടങ്ങി. ഷരീഖ്, മാസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവർക്കെതിരേയാണു കേസ്. അറസ്റ്റിലായത് ആരൊക്കെയെന്നു വ്യക്തമല്ല. തുടക്കത്തിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്തെന്നാണു പൊലീസ് അറിയിച്ചത്. എന്നാൽ, രണ്ടു പേർ മാത്രമാണു പിടിയിലായതെന്നും ഒരാൾക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും പിന്നീടു തിരുത്തി.
ഇവരിൽ യാസിനാണ് സംഘത്തിന്റെ നേതാവെന്നും ഇയാൾ ഇലക്ട്രിക്കൽ എൻജിനീയറാണെന്നും പൊലീസ്. സംസ്ഥാനത്തുടനീളം സ്ഫോടനത്തിനു തയാറെടുക്കുകയായിരുന്നു ഇവരെന്നും പൊലീസ്. അറസ്റ്റിലായവർക്കു പാക് ബന്ധമുണ്ടെന്നു കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ശിവമൊഗ്ഗ, തീർഥഹള്ളി സ്വദേശികളാണ് യുവാക്കൾ. മംഗലാപുരത്തെ ചില കേന്ദ്രങ്ങളുമായും ഇവർക്കു ബന്ധമുണ്ട്. അറസ്റ്റിലായവരെ ഏഴു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഹിജാബ് വിലക്കിനെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെ വിഎച്ച്പി പ്രവർത്തകൻ ഹർഷ കുത്തേറ്റു മരിച്ചതിനെത്തുടർന്നു സംഘർഷകേന്ദ്രമായിരുന്നു ശിവമൊഗ്ഗ. അടുത്തിടെ ഇവിടെ ഹിന്ദു സംഘടനാ പ്രവർത്തകർ സവർക്കറുടെ പോസ്റ്റർ ഉയർത്തിയതിനെച്ചൊല്ലിയും സംഘർഷമുണ്ടായിരുന്നു. അന്ന് ഒരു യുവാവിനു കുത്തേറ്റു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ നാടാണ് ശിവമൊഗ്ഗ.