വൈക്കം: ഗവര്‍ണറെ അവഹേളിച്ച് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പരാതി. വൈക്കം എംഎല്‍എയുടെ പിഎയും ട്രഷറി ഉദ്യോഗസ്ഥനുമായ ആര്‍ സുരേഷിന്റെ പോസ്റ്റാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ ആര്‍ സുരേഷിനെതിരെ യുവമോര്‍ച്ച കോട്ടയം ജില്ലാ ജനറല്‍സെക്രട്ടറി കെആര്‍ ശ്യാംകുമാര്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. ഗവര്‍ണ്ണറെ അപമാനിക്കുന്നതരത്തിലുളള പോസ്റ്റിട്ട നടപടി സര്‍വീസ് ചട്ടവിരുദ്ധമാണെന്നാണ് പരാതി. സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ശ്യാം കുമാറിന്റെ പരാതി. പരാതിയുടെ പകര്‍പ്പ് ഗവര്‍ണറുടെ ഓഫീസിലും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറിയതായും കെആര്‍ ശ്യാംകുമാര്‍ പറഞ്ഞു. സുരേഷിനെതിരായ പരാതി വൈക്കം പൊലീസ് കോട്ടയം സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. വിവാദമായതിനെ തുടര്‍ന്ന് സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ഗവര്‍ണറെ അവഹേളിച്ച് പോസ്റ്റ്; എംഎല്‍എയുടെ പിഎയ്‌ക്കെതിരെ സൈബര്‍ സെല്ലിന് പരാതി
