കോട്ടയം : മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി വിദഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക്. ബർലിനിലെ ചാരെറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് ചികിൽസ. നിലവില്‍ രാജഗിരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ഉമ്മന്‍ചാണ്ടിയും കുടുംബവും തള്ളിക്കളഞ്ഞു. ഉമ്മൻചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നില്ലെന്നായിരുന്നു പ്രചരണം.
തനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഇത് ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ആളുകൾ കാര്യങ്ങൾ വേണ്ട വിധം മനസിലാക്കാതെയാണ് പ്രചരിപ്പിക്കുന്നതെന്നും ഇതിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ഈ അസുഖം മുൻപ് രണ്ട് തവണ ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ടെന്നും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വ്യാഴാഴ്ചയ്ക്കു മുൻപ് അദ്ദേഹം ജർമനിയിലേക്കു പോകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിൽസാ ചെലവ് പാർട്ടി വഹിക്കും. മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം 2019ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിൽസ തേടിയിരുന്നു.