Timely news thodupuzha

logo

മല്ലികാവസന്തം @ 50, അഭിനയ ജീവിതത്തിലെ ആമ്പതാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

തിരുവനന്തപുരം: നടി മല്ലിക സുകുമാരന്‍റെ അഭിനയ ജീവിതത്തിന്‍റെ അൻപതാം വാർഷികം സുഹൃത്തുക്കൾ ചേർന്ന് മല്ലികാവസന്തം @ 50 എന്നപേരിൽ 18ന് 3.30ന് തമ്പാനൂർ ഡിമോറ ഹോട്ടലിൽ ആഘോഷിക്കുന്നു.

ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന അനുമോദന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

ഉത്തരായനമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ മല്ലിക സുകുമാരനെ നടൻ സുരേഷ് ഗോപി പൊന്നാട അണിയിച്ച് ആദരിക്കും. സംവിധായകൻ ഷാജി എൻ കരുൺ ഉപഹാരം സമർപ്പിക്കും.

പന്ന്യൻ രവീന്ദ്രനാണ് മുഖ്യാതിഥി. ഡോ. എം.വി പിള്ള, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ചലച്ചിത്ര പ്രവർത്തകരായ ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം ജയചന്ദ്രൻ, ജി സുരേഷ് കുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും.

“ഫ്രണ്ട്സ് ആൻഡ് ഫോസെന്ന” വാട്സാപ് കൂട്ടായ്മയാണ് പരിപാടിയുടെ മുഖ്യ സംഘാടകർ. ഷാജി കൈലാസ്, നടി മേനക, ഗായകരായ സുദീപ് കുമാർ, രാജലക്ഷ്മി, മജീഷ്യൻ സാമ്രാജ്, നടൻ നന്ദു, നടി ആനി, നടൻ നിരഞ്ജൻ തുടങ്ങിയവർ തുടർന്നുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് ജി സുരേഷ് കുമാർ(സംഘാടക സമിതി ചെയർമാൻ), ജ്യോതി കുമാർ ചാമക്കാല(ജനറൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *