Timely news thodupuzha

logo

ഇന്ത്യക്കെതിരെ ഇംഗ്ലണ്ട്, ടീം പ്രഖ്യാപിച്ചു

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ഓഫ് സ്പിന്നർ ഷോയിബ് ബഷീറിനു പകരം ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതാണ് ഏക മാറ്റം.

മത്സരം വ്യാഴാഴ്ച ആരംഭിക്കും. ആദ്യ ടെസ്റ്റ് കളിച്ച മാർക്ക് വുഡിനു പകരം രണ്ടാം ടെസ്റ്റിൽ വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്സനാണ് കളിച്ചത്.

രണ്ടു മത്സരങ്ങളിലും ഓരോ പേസ് ബൗളർമാരെ മാത്രമാണ് ഇംഗ്ലീഷ് ബൗളിങ് നിരയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, മൂന്നാം ടെസ്റ്റിൽ ആൻഡേഴ്സണും വുഡും ഉണ്ടാകും.

രെഹാൻ അഹമ്മദിൻറെ വിസ പ്രശ്നം പരിഹരിച്ച സാഹചര്യത്തിൽ ലെഗ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടങ്കയ്യനായ ടോം ഹാർട്ട്‌ലി ആയിരിക്കും മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നർ. ജോ റൂട്ടിൻറെ ഓഫ് സ്പിന്നിനെയും ഇംഗ്ലണ്ടിന് ആശ്രയിക്കാം.

അതേസമയം, ഇന്ത്യൻ ടീമിൻറെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. പരുക്കേറ്റ കെ.എൽ. രാഹുൽ മൂന്നാം ടെസ്റ്റിൽ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പകരം ദേവദത്ത് പടിക്കലിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പടിക്കൽ, സർഫറാസ് ഖാൻ, രജത് പാട്ടീദാർ എന്നിവരിൽ രണ്ടു പേർക്ക് പ്ലെയിങ് ഇലവനിൽ അവസരം കിട്ടും.

രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയെങ്കിലും മത്സരസജ്ജനാണോ എന്ന് ഉറപ്പായിട്ടില്ല. ആർ. അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നീ സ്പിന്നർമാരാണ് രണ്ടാം ടെസ്റ്റിൽ കളിച്ചത്.

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചാൽ മുഹമ്മദ് സിറാജ് ടീമിലെത്തും. ഒപ്പം മുകേഷ് കുമാർ, ആകാശ് ദീപ് എന്നിവരിലൊരാൾ കളിക്കും. കെ.എസ്. ഭരതിനു പകരം ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി അരങ്ങേറ്റം കുറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ടീം ഇങ്ങനെ: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), രെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്, ജയിംസ് ആൻഡേഴ്സൺ.

Leave a Comment

Your email address will not be published. Required fields are marked *