ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആർ.റ്റി.സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രി രാജമല എട്ടാം മൈലിൽ വെച്ച് മൂന്നാറിൽ നിന്നും ഉദുമൽപേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആർടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം.
ബസ് തടഞ്ഞ് പടയപ്പ ചില്ലു തകർത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം ഒരുമണിക്കൂർ ഗതാഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
ആന ഇപ്പോൾ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങൾക്ക് നേരെ അക്രമം നടത്തുന്നത്. ആന ജനവാസ മേഖലയിൽ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്.