കാസര്‍കോട്: കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനായി പെൺക്കുട്ടി എലിവിഷമാണ് കഴിച്ചത് എന്നതിന്‍റെ സൂചനകൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫോണിൽ നിന്നും നിർണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ജുശ്രീ വിഷത്തെക്കുറിച്ച് ഫോണിൽ തിരഞ്ഞതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരിക്കാം എന്നാണ് നിഗമനം.
മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കേസിന് വലിയ വഴിത്തിരുവായത്. മരണം ഭക്ഷ്യവിഷ ബാധ മൂലമല്ലെന്നും എന്നാൽ വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്നുമുള്ള സൂചനകൾ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കരള്‍ അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.മരണത്തില്‍ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഭക്ഷ്യ വിഷബാധ അല്ലെന്ന കണ്ടെത്തലാണ് പിന്നീട് അഞ്ജുശ്രീയുടെ ആത്മഹത്യയിലേക്ക് പൊലീസിനെ എത്തിച്ചത്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും.