ബിടെക്ക് പൂര്‍ത്തിയാക്കി പതിവ് ഔദ്യോഗിക വഴിയിലൂടെയായിരുന്നു ശിവാനി റെഡ്ഡിയുടെ സഞ്ചാരം. ഒരു സംരംഭകയാകണമെന്ന മോഹം നേരത്തെ ഉള്ളിലുണ്ടായിരുന്നു. ഇടയ്‌ക്കൊന്നു വഴിമാറി സഞ്ചാരിച്ചാലോ എന്നു ചിന്തിച്ചപ്പോള്‍ ചുവടുറപ്പിക്കേണ്ട മേഖല ഏതെന്ന് സംശയമേ ഉണ്ടായിരുന്നില്ല. പശു വളര്‍ത്താമെന്നു തീരുമാനിച്ചു. ആ തീരുമാനം വെറുതെയായില്ല. ഇന്ന് 25 ഏക്കറിലായി ഇരുന്നൂറിലധികം പശുക്കള്‍. ലക്ഷങ്ങളുടെ വരുമാനം. കൂടാതെ ശിവാനിയുടെ ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ പുതിയ വിപണികള്‍ കണ്ടെത്തുന്നു.
തെലങ്കാനയിലെ മൊയ്‌നാബാദിലാണു ശിവാനിയുടെ ഗോധാര ഫാം. ശുദ്ധമായ പാലും പാലുല്‍പന്നങ്ങളും തേടി അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇത്തരമൊരു സംരംഭസാധ്യതയെക്കുറിച്ചു ചിന്തിച്ചത്. പോഷകസമൃദ്ധമായ പാല്‍ നല്‍കുന്ന ഗിര്‍ പശുക്കളെ ഗുജറാത്തില്‍ നിന്നും കൊണ്ടു വന്നു. പാലില്‍ നിന്നുള്ള പലവിധ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി. സമീപ പ്രദേശങ്ങളിലേക്കും ഉല്‍പന്നങ്ങള്‍ വ്യാപിപ്പിച്ചു.
ഹൈദരാബാദ് മുഴുവന്‍ ഗോധാര ഫാമില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുമായി സഹകരിക്കുന്നുമുണ്ട്. ഗോധാര ഫാം വഴി ഇരുപത്തഞ്ചു പേര്‍ക്ക് നേരിട്ടും അമ്പതിലധികം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നു.
Tags :