ന്യൂഡൽഹി: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിക്ക് വധ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. ബെലഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്ത എന്ന ഗുണ്ടാ നേതാവാണ് അനധികൃത ഫോൺ ഉപയോഗിച്ച് ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചതെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചത്.
നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെയാണ് 3 തവണ ഇയാൾ ഭീഷണി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗമാണെന്നും 100 കോടി രൂപ നൽകിയില്ലെങ്കിൽ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മന്ത്രിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ മന്ത്രിക്ക് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്. ബെലഗാവി ജയിലിൽ കഴിയുന്ന ഇയാളെ വിട്ടുകിട്ടാൻ നാഗ്പൂർ പൊലീസ് കർണാടകയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.