Timely news thodupuzha

logo

വേറിട്ട പ്രവർത്തനങ്ങൾ നടത്തി സർക്കാർ  സ്കൂളിനെ  പുരോഗതിയിലേക്കു  നയിച്ച വി .എം .ഫിലിപ്പച്ചൻ  വിരമിച്ചു .

തൊടുപുഴ: അധ്യാപന രംഗത്തു വേറിട്ട പ്രവർത്തനങ്ങൾ നടത്തി വിദ്യാലയങ്ങളെ സജീവമാക്കിയ  അധ്യാപകൻ വിരമിച്ചു .
 വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് തലമുറകൾക്ക് അറിവിന്റെ ലോകം തുറന്നു കൊടുത്ത വി.എം.ഫിലിപ്പച്ചൻ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അധ്യാപന ജീവിതത്തിൽ നിന്നു പടിയിറങ്ങി. തൊടുപുഴ മുനിസിപ്പൽ യുപി സ്കൂൾ പ്രധാന അധ്യാപകനായിട്ടാണ് വിരമിക്കൽ. മണക്കാട് ഗവ. എൽപി സ്കൂളിൽ അധ്യാപകനായിരിക്കെ യാത്രാസൗകര്യം പരിമിതമായ സാഹചര്യത്തിൽ വാൻ വാങ്ങി സ്വയം ഡ്രൈവറായി കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരികെ വീടുകളിൽ എത്തിക്കുകയും ചെയ്തതു ശ്രദ്ധ നേടിയിരുന്നു.2016ൽ കെപിഎസ്ടിഎ രൂപം കൊണ്ടപ്പോൾ പ്രഥമ ജില്ലാ പ്രസിഡന്റായി നിയോഗിക്കപ്പെട്ടു.
2023ൽ കെപിഎസ്ടിഎ സംസ്ഥാന അസോഷ്യേറ്റ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ കേന്ദ്രമാക്കി ഗവ.സ്കൂൾ ടീച്ചേഴ്സ് സഹകരണ സംഘം രൂപീകരിച്ചത് ഫിലിപ്പച്ചന്റെ നേതൃത്വത്തിലാണ്. 1991 ഒക്ടോബർ 31 ന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കരിയാട് എഎംയുപി സ്കൂളിലാണ് അധ്യാപന ജീവിതത്തിന്റെ തുടക്കം. 6 വർഷത്തിലധികം അവിടെ പ്രവർത്തിച്ചു. പിഎസ്‌സി നിയമനം ലഭിച്ചതിനെത്തുടർന്ന് 1998 ജനുവരി 22ന് ഇടുക്കി ഉപ്പുതോട് ഗവ. യുപി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ. ജവാഹർ ശ്രേഷ്ഠ അധ്യാപക അവാർഡ്, ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ് എന്നിങ്ങനെ നേട്ടങ്ങളും അദ്ദേഹത്തിന്റെ പട്ടികയിലുണ്ട്.

മുളപ്പുറം സ്വദേശിയായ  ഫിലിപ്പച്ചൻ  വിദ്യാഭ്യാസ കാലഘട്ടത്തിൽ  പൊതുപ്രവർത്തനം  നടത്തിയിരുന്നു .രാഷ്ട്രീയ രംഗത്തെ പ്രവർത്തന പരിചയം  അധ്യാപകനായപ്പോൾ  പ്രവർത്തിച്ച സ്കൂളുകളിൽ  മാറ്റങ്ങൾ വരുത്തുവാൻ വഴിയൊരുക്കി .സഹപ്രവർത്തകരെയും  രക്ഷിതാക്കളെയും  കുട്ടികളെയും  കോർത്തിണക്കിയുള്ള  പ്രവർത്തനം  കുട്ടികളിലും  ഒട്ടേറെ മാറ്റങ്ങൾ വരുത്തുവാൻ സഹായകമായി .സർക്കാർ സ്കൂളിലും  അധ്യാപകർ മനസ് വച്ചാൽ മികച്ച റിസൾട്ട് കൊണ്ടുവരുവാൻ സാധിക്കുമെന്ന സന്ദേശം സമൂഹത്തിനു നൽകിയാണ്  ഫിലിപ്പച്ചൻ  വിരമിക്കുന്നത് .

Leave a Comment

Your email address will not be published. Required fields are marked *