മുംബൈ: ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ എന്നിവരെ പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ.
ഹാർദിക്കും ക്രുനാലും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്. പങ്കാളിത്തത്തിൽ തുടങ്ങിയ പോളിമർ ബിസിനസ് സ്ഥാപനത്തിലേക്ക് ഹാർദിക്കും ക്രുനാലും നിക്ഷേപിച്ച 4.3 കോടി രൂപ 37കാരനായ വൈഭവ് അനധികൃതമായി സ്വന്തമാക്കിയെന്നാണ് കേസ്.
തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കു മേൽ ചുമത്തിയിരിക്കുന്നത്. മുംബൈയിൽ 2021 ലാണ് സഹോദരങ്ങൾ ചേർന്ന് പോളിമർ ബിസിനസ് സ്ഥാപനത്തിന് തുടക്കമിട്ടത്.
കമ്പനിയുടെ 80 ശതമാനത്തോളം തുകയോളം ഹാർദിക്കും ക്രുനാലും ചേർന്നാണ് നിക്ഷേപിച്ചത്. 20 ശതമാനം വരുന്ന തുക വൈഭവ് ചെലവാക്കിയിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങൾ വൈഭവ് നോക്കി നടത്തണമെന്നും ലാഭം തുല്യാനുപാതത്തിൽ പങ്കു വയ്ക്കണമെന്നും ആയിരുന്നു കരാർ.
എന്നാൽ ഹാർദിക്കും ക്രുനാലും അറിയാതെ വൈഭവ് മറ്റൊരു കമ്പനി തുടങ്ങുകയും മറ്റു രണ്ടു പേരെയും അറിയിക്കാതെ ഒരു കോടിയിലേറെ രൂപ സ്വന്തം അക്കൗണ്ടിലേക്കും മാറ്റുകയും ചെയ്തു.
പുതിയ കമ്പനി തുടങ്ങിയതോടെ പങ്കാളിത്തത്തിലുള്ള കമ്പനിക്ക് മൂന്ന് കോടിയോളം നഷ്ടുണ്ടായതായും പൊലീസ് പറയുന്നു. ഈ കാലഘട്ടത്തിൽ തന്നെ വൈഭവ് സ്വന്തം ഷെയർ 20ൽ നിന്ന് 33 ശതമാനമാക്കി മാറ്റുകയും ചെയ്തു.
ഇതു ചോദ്യം ചെയ്ത താരങ്ങളെ പ്രതിച്ഛായ തകർക്കുമെന്ന് വൈഭവ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തിങ്കളാഴ്ച നൽകിയ പരാതി അനുസരിച്ച് അന്നു തന്നെ വൈഭവിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. നിലവിൽ വെള്ളിയാഴ്ച വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.