ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ളാഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അമാനത്തുള്ളാഖാനെ അറസ്റ്റ് ചെയ്യാൻ ഇ.ഡി ഡൽഹി കോടതിയിൽ അപേക്ഷ നൽകി.
വഖഫ്‌ബോർഡ് ചെയർമാനായിരുന്ന അമാനത്തുള്ളാഖാൻ നിരവധി അനധികൃത നിയമനങ്ങൾ നടത്തി സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് ആരോപണങ്ങളെ തുടർന്ന് 2016ൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
വഖഫ് ബോർഡിന്റെ നിരവധി സ്വത്തുക്കൾ നിയമ വിരുദ്ധമായി പാട്ടത്തിന് കൊടുത്തെന്നും സി.ബി.ഐ ആരോപിച്ചു. സി.ബി.ഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അമാനത്തുള്ളാഖാനെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം കേസെടുത്തത്.
അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നത് റൗസ് അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജി രാകേഷ്‌സ്യാൽ 18ലേക്ക് മാറ്റി.
ചില രേഖകൾ സമർപ്പിക്കാൻ ഇ.ഡി തന്നെ സാവകാശം തേടുകയായിരുന്നു. ഓഖ്‌ല എം.എൽ.എയായ അമാനത്തുള്ളാഖാനും അദ്ദേഹത്തിന്റെ മൂന്ന് അനുയായികൾക്കും എതിരെ ഇ.ഡി നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്‌തതിനു പിന്നാലെ കൂടുതൽ എ.എ.പി നേതാക്കളെയും എം.എൽ.എമാരെയും വലയിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഏജൻസികൾ.