Timely news thodupuzha

logo

ഇലക്ഷൻ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ്

ഇടുക്കി: ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് അറിയിച്ചു.

ഏഴു മണ്ഡലങ്ങളിലായി 1315 പോളിങ് സ്റ്റേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് ആവശ്യമായ 6312 പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. ജില്ലയില്‍ 1578 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 1710 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാക്കി.

ഏപ്രില്‍ 25ന് രാവിലെ എട്ട് മുതല്‍ പോളിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ്ങ്‌ സാമഗ്രികളുടെയും വിതരണം നടക്കും. ജില്ലയില്‍ ക്രിട്ടിക്കല്‍ ബൂത്തുകളില്ല.

56 പ്രശ്നബാധിത(സെന്‍സിറ്റീവ്) പോളിങ്ങ് ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥരെയും 47 സൂക്ഷ്മ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 7717 പൊലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് ദിനത്തില്‍ വിന്യസിച്ചിട്ടുണ്ട്. 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പ് കേന്ദ്രത്തിലും സ്‌ട്രോങ് റൂമുകളിലും നിയമിച്ചിട്ടുണ്ട്.

ജില്ലയിലെ എല്ലാ മദ്യ വില്‍പ്പനശാലകളും എപ്രില്‍ 24 ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പ് തീരുന്ന ഏപ്രില്‍26 വെള്ളിയാഴ്ച വൈകീട്ട് ആറ് മണി വരെ അടച്ചിടും.

ഏപ്രില്‍ 24 ബുധനാഴ്ച ആറുമണിക്ക് കൊട്ടി കലാശത്തോടുകൂടി പരസ്യപ്രചരണത്തിനുള്ള എല്ലാം നടപടികളും പൂര്‍ത്തിയാകും. പിന്നീടുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണം ആയിരിക്കും. 144 പ്രഖ്യാപിക്കുന്നതോടുകൂടി കൂട്ടം കൂടിയ പ്രചാരണ പരിപാടികള്‍ അവസാനിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

752 പോളിങ്ങ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ തലത്തില്‍ ഏഴ് മണ്ഡലങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

വോട്ടെടുപ്പ് ദിനത്തില്‍ സാങ്കേതിക സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിന് പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. മീഡിയ മോണിറ്ററിങ്ങ് സെല്ല്, പോള്‍ മാനേജര്‍, വിവിധ ഐ.റ്റി ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂമുകള്‍, വെബ് കാസ്റ്റിങ്ങ് കണ്‍ട്രോള്‍ റൂമുകള്‍, തുടങ്ങി വിവിധ കണ്‍ട്രോള്‍ റൂമുകള്‍ നിലവില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഇതുവരെ 7707 ഹോം വോട്ടിങ്ങ് നടന്നിട്ടുണ്ട്. വോട്ടിങ്ങ് ഫെസിലിറ്റേഷന്‍ സെന്ററുകളിലും പോളിങ്ങ് നടന്നു കൊണ്ടിരിക്കുന്നു. 418 പേര്‍ വോട്ടിങ്ങ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വോട്ട് ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *