കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം.
രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം കെ.എസ്.ആർ.റ്റി.സി ജങ്ങ്ഷനിൽ എൽ.ഡി.എഫിനും പോലീസ് സ്റ്റേഷനു സമീപം യു.ഡി.എഫിനും പടനായർകുളങ്ങര ക്ഷത്രം ഭാഗത്ത് ബി.ജെ.പി പ്രവർത്തകർക്കുമാണ് അനുമതി നൽകിയിരുന്നത്.
എന്നാൽ യു.ഡി.എഫ് പ്രവർത്തകർ നിന്ന സ്ഥലത്തേക്ക് എൽ.ഡി.എഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയും തുടർന്ന് കല്ലേറും ഉണ്ടായി.
ഇതിൽ കെ.എസ്.ആർ.റ്റി.സി സ്വിഫ്റ്റ് ബസിൻറെ ചില്ലുകൾ തകർന്നു. പാർക്കു ചെയ്തിരുന്ന നിരവധി സ്വകാര്യവാഹനങ്ങളും തകർക്കപ്പെട്ടു. കല്ലേറിലും അടിയിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷം കനത്തതോടെ എ.സി.പി വി.എസ്.
പ്രദീപിൻറെ നേതൃത്വത്തിൽ ലാത്തി വീശി. തുടർന്ന് കണ്ണീർവാതക പ്രയോഗവും നടത്തി. സംഘർഷത്തിൽപ്പെട്ട് ഓടിയ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി.
സി.ആർ മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും പോലിസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി. നിരവധി പേർക്കെതിരേ പോലീസ് കേസെടുത്തു.