തൊടുപുഴ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും സാമൂഹ്യസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഗോകുലം ഗോപാലനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായും തീര്‍ത്തും അടിസ്ഥാന രഹിതവുമാണെന്ന് കമ്പനി ഡയറക്ടര്‍ കെ.കെ പുഷ്പാംഗദന്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തില്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഇടപെടാറില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി അടുപ്പവും ബന്ധവും പുലര്‍ത്തുന്ന ആളാണ് അദ്ദേഹം.
കേന്ദ്രവും, കേരളവും ഭരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞ 56 വര്‍ഷമായി ഗോകുലത്തിന്‍റെ പ്രവര്‍ത്തനത്തിനു സഹായകരമായ നിലപാടാണ് എടുത്തിട്ടുള്ളത്. സത്യസന്ധമായ നിലപാടും സുതാര്യമായ പ്രവര്‍ത്തനശൈലിയും പൊതുസമൂഹത്തിന്‍റെ സഹകരണവും കാരണമാണ് കമ്പനി ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമായി മാറിയത്. അതിന് കേരളത്തിലെ പൊതുസമൂഹത്തോടും, രാഷ്ട്രീയ നേതാക്കളോടും മാധ്യമ സമൂഹത്തോടും ഗോകുലം ഗ്രൂപ്പിന് നന്ദിയുണ്ട്.
ഇപ്പോള്‍ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ കമ്പനിയെയോ, ചെയര്‍മാനുമായോ ഒരു തരത്തിലും ബന്ധമുള്ള വിഷയമല്ല. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. രാഷ്ട്രീയത്തില്‍ ഇടയ്ക്കിടെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ശോഭാ സുരേന്ദ്രന്‍ ആരുടെ താല്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്നും ഡയറക്ടര്‍ കെ.കെ പുഷ്പാംഗദന്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുവാനാണ് കമ്പനി തീരുമാനം.