ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറു പേരെ 2007 ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.
മൂന്നു പ്രതികളെ വെറുതെ വിട്ടു. എന്നാൽ ഹൈക്കോടതി രണ്ടാം പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കൃത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാ നുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഹൈക്കോടതിയുടെ ഈ കണ്ടെത്തൽ തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപ്പീലിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.