Timely news thodupuzha

logo

വിഴിഞ്ഞത്ത് വലിയ കപ്പലുകളെത്തും

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ വിഴിഞ്ഞത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

ഇതോടെ വലിയ കപ്പലുകൾക്ക്(മദർഷിപ്‌) അടുക്കാനും ചരക്കുകൾ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

കൊളംബോ, സിംഗപ്പുർ തുറമുഖങ്ങളിൽ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാൻസ്ഷിപ്മെന്റ്‌ ഇനി വിഴിഞ്ഞത്തേക്കെത്തും.

കസ്റ്റംസ് ഓഫീസ് ഉൾപ്പെടെ വിഴിഞ്ഞത്ത്‌ സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്‌. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്സ് ആൻഡ് കസ്റ്റംസ്(സി.ബി.ഐ.സി) കസ്റ്റംസ് ഓഫീസിനുള്ള അന്തിമ അനുമതി നൽകിയാൽ വിദേശകപ്പലുകൾക്കും നാവികർക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും.

വിദേശ കപ്പൽ കമ്പനികളുടെ പ്രവർത്തന കേന്ദ്രമായും വിഴിഞ്ഞം മാറും. അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസ് നടത്താനുള്ള ഇന്റർനാഷണൽ ഷിപ്പിങ്ങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡും(ഐ.എസ്‌.പി.എസ്‌) വിഴിഞ്ഞത്തിന് ലഭിച്ചിട്ടുണ്ട്‌.

മെയ്‌ പകുതിയോടെ തുറമുഖത്തിന്റെ ട്രയൽ റൺ നടത്തും. തുടർന്ന്‌ കൊമേഴ്‌സ്യൽ ഓപ്പറേഷൻസ്‌ ആരംഭിക്കും. ബ്രേക്ക് വാട്ടർ, ബെർത്ത്‌, യാർഡ്‌ എന്നിവയുടെ നിർമാണം അവസാനഘട്ടത്തിലാണ്.

കപ്പലുകൾക്ക് തുറമുഖത്തേക്ക്‌ വഴികാട്ടാനുള്ള ടഗ്ഗുകളും എത്തിച്ചിട്ടുണ്ട്. ആവശ്യമായ ക്രെയിനുകളും ഉടനെത്തും.ട്രയൽ റണ്ണിനു മുന്നോടിയായി മന്ത്രി വി.എൻ വാസവൻ മെയ്‌ രണ്ടിന്‌ അവലോകനയോഗം വിളിച്ചു ചേർത്തിട്ടുണ്ട്‌. നിർമാണപുരോഗതിയുടെ വിശദ റിപ്പോർട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *