Timely news thodupuzha

logo

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം, മൂന്നു മാസത്തിനകം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു.

ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്. വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *