കട്ടപ്പന: ഇടുക്കി ഭദ്രാസനത്തിലെ സീനിയർ വൈദികനും റാന്നി – പെരുനാട് ബഥനി ആശ്രമാംഗവും സുപ്പീരിയറുമായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഒ. ഐ. സി പൗരോഹിത്യ ശുശ്രൂഷയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറ അമ്പ്രയിൽ ഫീലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1943 മാർച്ച് 3 -ന് ജനിച്ച അദ്ദേഹം 1966 -ൽ ബഥനി സന്യാസാശ്രമ അംഗമായി. 1973 ജനുവരി 20 -ന് മലബാർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ തീമോത്തിയോസിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
2010 ആഗസ്റ്റ് 5-ന് മാത്യൂസ് മാർ തേവോദോസിയോസ് അദ്ദേഹത്തെ റമ്പാനായി അഭിഷേകം ചെയ്തു. മൂന്നര പതിറ്റാണ്ടോളം ഇടുക്കി ഭദ്രാസനത്തിൽ കർമ്മനിരതനായിരുന്ന വെരി. റവ. തോമസ് റമ്പാൻ ഇപ്പോൾ ബഥനി ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്നു. പൗരോഹിത്യത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയ ദിനത്തിൽ ബഥനി ആശ്രമ ചാപ്പലിൽ അദ്ദേഹം കുർബ്ബാന അർപ്പിച്ചു. അനുമോദന സമ്മേളനം മാത്യൂസ് മാർ തേവോദോസിയോസ് ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമം സൂപ്പീരിയർ ഫാ. സഖറിയ ഒ. ഐ. സി അദ്ധ്യക്ഷത വഹിച്ചു. ബഥനി ആശ്രമ അന്തേവാസികൾ, ബഥനി കോൺവെന്റിലെ കന്യാസ്ത്രീകൾ എന്നിവർ ആശംസകൾ അർപ്പിച്ചു.