ഇടുക്കി: ഇത്തവണ കടുത്ത വേനൽ ഇല്ലാതാക്കിയത് കർഷകരുടെ സ്വപ്നത്തെ മാത്രമല്ല ഒരു നാടിൻ്റെയൊന്നാകെയുള്ള സാമ്പത്തിക ഭദ്രത കൂടിയാണ്. മലയോര മേഖലയുടെ മുഖ്യ വരുമാന മാർഗമായ സുഗന്ധ വ്യഞ്ജന കൃഷിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണ്ണമായും നിലച്ചുവെന്ന് പറയാം.
പ്രതിവർഷം 6000 കോടി രൂപായാണ് ഏലത്തിൽ നിന്ന് മാത്രം ലഭിച്ചിരുന്നത്. എന്നാൽ വരൾച്ച എല്ലാം തകിടം മറിച്ചു.
മൂന്ന് മാസത്തിനിടെ 113 കോടി രൂപായുടെ ഏലം കൃഷി നശിച്ചതായുള്ള പ്രാഥമിക റിപ്പോർട്ട് ജില്ലയിൽ നിന്നും കൃഷി മന്ത്രിക്ക് സമർപ്പിച്ച് കഴിഞ്ഞു.
കട്ടപ്പന, ഉപ്പുതറ, കുമളി, വണ്ടൻമേട് തുടങ്ങിയ പ്രദേശങ്ങളിലെ ഏലം കർഷകർക്കാണ് ഇത്തവണത്തെ കടുത്ത വേനൽ കണ്ണീർ സമ്മാനിച്ചത്. കനത്ത ചൂടിൽ വേരുൾപ്പെടെ ഏലച്ചെടികൾ ഉണങ്ങി വീഴുന്നത് നോക്കി നിൽക്കാനേ കർഷകർക്കായുള്ളു.
പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഏലം കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതം നയിച്ചിരുന്നത്. തരിശായ ഭൂമിയിൽ നിന്നും ഏലം വിളവെടുക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള കൃഷിക്കായെടുത്ത വായ്പയുടെ ബാധ്യത കർഷകരെ തീരാ ദുഃഖത്തിലേക്ക് തള്ളിവിടുമെന്നുറപ്പാണ്.