തൊടുപുഴ: ഗുരുതര രോഗത്താൽ മരണത്തോട് മല്ലടിക്കുമ്പോഴും സുനിൽ കുമാറിൻ്റെ മനസിൽ താൻ മരണത്തിന് കീഴടങ്ങിയാലും തൻ്റെ അവയവങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കൽ സുനിൽ കുമാർ(45) അവയവ ദാനത്തിലൂടെ മരണത്തേയും തോൽപ്പിക്കുകയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം പാറക്കടവ് ശാഖാ സ്വയംസേവകനാണ് സുനിൽകുമാർ. അവിവാഹിതനാണ്. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാർഗങ്ങൾ ഇല്ലായെന്ന് ഡോക്ടർമാർ വിധിയെഴുതി.
കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കൽ കോളേജിൽ സുനിൽകുമാർ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആർഷ വിദ്യാസമാജം തിരുവനന്തപുരം യൂണിറ്റ് ആചാര്യൻ കെ.ആർ മനോജും സംഘവും മെ ഡിക്കൽ കോളേജിലെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുത്തു. സുനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചപ്പോഴാണ് ഫിക്സിൻ്റെ രൂപത്തിൽ വീണ്ടും ആരോഗ്യ നില വഷളായത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. അവിടെ വെച്ച് ഫിക്സും , ഹൃദയാഘാതവും ഉണ്ടായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സുനിൽ കുമാറിന് ശനിയാഴ്ച മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണമെന്ന ആഗ്രഹപ്രകാരം അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കൾ അനുമതി വാങ്ങി. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘമെത്തി ഇന്നലെ വൈകിട്ടോടെ സുനിൽ കുമാറിൻ്റെ ശരീരത്തിൽ നിന്നും പ്രധാനപ്പെട്ട അവയവയങ്ങൾ നീക്കം ചെയ്ത് അവ സുരക്ഷിതമാക്കി.
കണ്ണ്, കരൾ, കിഡ്നി എന്നിവയാണ് സുനിൽ കുമാറിൻ്റെ ശരീരത്തിൽ നിന്നും വേർപെടുത്തി എടുത്തത്. ഇവ ഇനി അർഹതപ്പെട്ടവരുടെ ശരീരത്തിൽ തുടിക്കും. ശരീരം പാതി വഴിയിൽ ഉപേക്ഷിച്ച് പോകുമ്പോഴും പ്രധാനപ്പെട്ട അവയവങ്ങൾ മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ പകുത്തു നൽകിയ സുനിൽകുമാറിൻ്റെ തീരുമാനത്തിനു മുന്നിൽ മരണം പോലും ഒരു നിമിഷം പകച്ചുപോയിട്ടുണ്ടാകും. അച്ഛൻ കൃഷ്ണൻ, അമ്മ കുമാരി, സഹോദരങ്ങൾ: അനിൽകുമാർ, പരേതനായ വിമൽ കുമാർ. സംസ്കാരം നടത്തി.