Timely news thodupuzha

logo

അഭ്യസ്തവിദ്യരായ യുവാക്കൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് 20 ലക്ഷം തൊഴിലവസരങ്ങൾ നൽകാനാണ് കേരള നോളജ് ഇക്കോണമി മിഷൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ കെ- ഡിസ്‌കിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച എംപ്ലോയേഴ്‌സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനാണ്(കെ-ഡിസ്ക്) ഇതിൻറെ നടത്തിപ്പ് ചുമതല.

പ്രാദേശികമായി ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിനകത്തും രാജ്യത്തിനകത്തും ലോകമെമ്പാടുമുള്ള തൊഴിലവസരങ്ങൾ സുഗമമാക്കുകയും ചെയ്യുന്നതിനാണ് കേരള നോളജ് ഇക്കണോമി മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി, വിജ്ഞാനാധിഷ്ഠിത തൊഴിലവസരങ്ങൾ നേരിട്ടും പങ്കാളികൾ മുഖേനയും നൽകുന്നതിന് മിഷൻ പ്രവർത്തിച്ചു. ഇതിനകം 1,10,000ത്തിലധികം തൊഴിൽ ഇത്തരത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞു.

ഇതിൽ ഏകദേശം 37,000 എണ്ണം ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം(ഡി.ഡബ്ല്യു.എം.എസ്) വഴി നേരിട്ടുള്ളവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള ജോലികൾക്കായി യുവജനങ്ങളുടെ കഴിവുകളെ സജ്ജരാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. ഈ ലക്ഷ്യത്തോടെയാണ് കേരള നോളജ് ഇക്കണോമി മിഷൻ രൂപീകരിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കെ ഡിസ്‌ക് എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ കെ.എം. എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ സ്വാഗതമാശംസിച്ചു.

കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രി എക്‌സിക്യുട്ടീവ് ഡയറക്ടർ സൗഗത റോയ് ചൗധരി, ഐസിടി അക്കാദമി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മുരളീധരൻ മന്നിംഗൽ എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *