Timely news thodupuzha

logo

കോട്ടയം സൗത്ത് പാമ്പാടിയിൽ ഹൃദയസ്തംഭനം വന്ന് വീടിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു

കോട്ടയം: ഹൃദയസ്തംഭനം വന്ന് വീടിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിച്ച് അഗ്നിരക്ഷാസേന. കോട്ടയം സൗത്ത് പാമ്പാടി സെന്‍റ് തോമസ് ഹൈസ്കൂളിന്റെ പുറകുവശത്തായി താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയുടെ ജീവനാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. ഹൃദയസ്തംഭനത്താൽ പൂർണ ബോധരഹിതനാകുന്നതിന് മുമ്പ് തൻ്റെ സഹോദരനെയും കുടുംബത്തെയും സാബു വിളിച്ചു വരുത്തിയിരുന്നു. ഇവര്‍ വന്നെങ്കിലും അകത്ത് നിന്നും പൂട്ടിയ വീടിനകത്തേക്ക് കടക്കാനായില്ല.

സാബു ചാക്കോയുടെ വായിൽ നിന്ന് രക്തം വന്ന് ശ്വാസം വലിക്കുന്നത് പുറത്ത് സിറ്റൗട്ടിൽ നിന്ന് ഇവർ കണ്ടു. സഹോദരനും നാട്ടുകാരും എത്തിയപ്പോഴേക്കും സാബു ബോധരഹിതനായിരുന്നു.

വീടിന്റെ എല്ലാ വാതിലുകൾകൾക്കും അകത്തുനിന്നും കുറ്റിയിട്ടിരിക്കുകയും, പുറത്തേക്കുള്ള വാതിലുകൾക്കെല്ലാം രണ്ട് ഇരുമ്പ് പട്ടകൾ വീതം പിടിപ്പിച്ച് ബന്ധിച്ചിരിക്കുകയും ആയിരുന്നു.

വിവരം വിളിച്ചറിയിച്ചത് അനുസരിച്ച് പാമ്പാടിയിൽ നിന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ വി.വി കുമാറിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് പൈപ്പും ഇരുമ്പ് വലയും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ജനൽ അറത്തുമാറ്റി അകത്തു കടന്നു.

പിന്നീട് ആംബുലൻസിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സാബുവിനെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് എത്തിയ അഗ്നിരക്ഷാസേന സംഘം ഒരു മണിക്കൂറോളം പണിപ്പെട്ടാണ് സാബുവിനെ പുറത്തെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *