തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുത്ത കുടുംബശ്രീ 3.09 ലക്ഷം അയൽക്കൂട്ടത്തിൽ ‘ചുവട് 2023′ സംഗമം നടത്തും. രാജ്യത്ത് ആദ്യമായാണ് 46 ലക്ഷത്തിലേറെ വനിതകളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന മഹാസംഗമം. കുടുംബശ്രീ സ്ഥാപകദിനമായ മെയ് 17 വരെ നീളുന്ന രജത ജൂബിലി സമാപനാഘോഷങ്ങൾക്ക് സംഗമത്തോടെ തുടക്കമാകും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ള മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ബഡ്സ് സ്കൂൾ വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ അയൽക്കൂട്ടാംഗങ്ങൾ തുടങ്ങിയവരും സംഗമങ്ങളിൽ പങ്കെടുക്കും.
രാവിലെ എട്ടിന് ദേശീയപതാക ഉയർത്തും. തുടർന്ന് സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങൾ ഒരുമിച്ച് കുടുംബശ്രീ യുട്യൂബ് ചാനലിലൂടെ തദ്ദേശമന്ത്രിയുടെ സന്ദേശം കേൾക്കും. കുടുംബശ്രീ യുട്യൂബ് ചാനൽ 30 ലക്ഷം അംഗങ്ങൾ സംഗമത്തിൽവച്ച് സബ്സ്‌ക്രൈബ് ചെയ്യും. കുടുംബത്തിൽ കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, ആരോഗ്യം, ശുചിത്വം, അയൽക്കൂട്ട പരിസരം, വികസന ആവശ്യങ്ങൾ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് റിപ്പോർട്ട് എഡിഎസിന് കൈമാറും.