ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും.
ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ സിസിയാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥി. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി.
ജില്ലാതലത്തിൽ ആഘോഷപരിപാടികൾക്ക് മന്ത്രിമാർ നേതൃത്വം നൽകും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികൾ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയർത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തിലും ഗവർണർ പുഷ്പാർച്ചന നടത്തും.