ന്യൂഡൽഹി: ഗുജറാത്ത് കലാപലത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് തെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഡൽഹി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എൻഎസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു.
അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. നേരത്തെ ജെഎൻയു സർവകലാശാലയിലും ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് ഡോക്യുമെൻ്ററി പ്രദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതോടെ, ലാപ്പ്ടോപ്പിലും മൊബൈൽ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെൻ്ററി കണ്ട വിദ്യാർത്ഥികൾക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു.
എബിവിപി പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാർത്ഥികൾ ആരംഭിക്കുന്നത്. കല്ലേറിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകടനമായി ക്യാംപസിന് പുറത്തേക്ക് പോയി. ഇന്നലെ വെള്ളായണിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പരിപാടിക്ക് നേരെ ബിജെപിയുടെ പ്രതിഷേധമുണ്ടായിരുന്നു. സംസ്ഥാന വ്യാപകമായി ഡോക്യുമെൻററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എതിർപ്പിൻറെ പശ്ചാത്തലത്തിൽ പൊലീസ് സുരക്ഷ ഒരുക്കിയേക്കും. ബിബിസിയുടെ വിവാദ ഡോക്യുമെൻററി ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രദർശിപ്പിക്കും. വൈകീട്ട് അഞ്ച് മണിക്കാണ് പ്രദർശനം.