ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതിയായ ചിന്നദുരൈയെ കടലൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
വ്യാജ മദ്യം നിര്‍മ്മിച്ചത് ഇയാളാണെന്നാണ് സി.ബി.സി.ഐ.ഡിയുടെ കണ്ടെത്തല്‍. വ്യാജ മദ്യവുമായി ബന്ധപ്പെട്ട 70 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് സൂചിപ്പിച്ചു.
അതേസമയം, വിഷമദ്യം കഴിച്ച് ചികിത്സയിലായിരുന്ന എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു. നിലവിൽ 165 ഓളം പേര്‍ ചികിത്സയിൽ തുടരുകയാണ്.
ഇതിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒട്ടേറെ പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ രണ്ട് സ്ത്രീകള്‍ അടക്കം 10 പേരെ വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
വിരമിച്ച ഹൈക്കോടതി ജസ്റ്റീസ് പി ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം നൽകിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.