മുവാറ്റുപുഴ: ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിലെ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികളുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ(പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നവർക്ക് വേണ്ടി), മൺസൂൺ സുരക്ഷയുടെ ഭാഗമായി സന്ധ്യാ ക്ലാസ്സ് സംഘടിപ്പിച്ചു.
മഴക്കാല മോഷ്ടാക്കളെ പിടികൂടുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അവരെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുക, സംശയാസ്പദമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ഓട്ടോറിക്ഷ വിളിച്ച് കൊണ്ട് പോയാൽ അത് അപകട സാധ്യതയുള്ളതാണെങ്കിൽ പോലീസിനെ അറിയിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി.
സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യമില്ലാതാക്കി ക്ലീൻ മൂവാറ്റുപുഴയാക്കുന്നതിന് ഓട്ടോ ഡ്രൈവർമാർക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഇൻസ്പെക്ടർ ബി.കെ അരുൺ പറഞ്ഞു. സ്റ്റേഷൻ പി.ആർ.ഒ അസി. സബ് ഇൻസ്പെക്ടർ സിബി അച്യുതനാണ് ക്ലാസ് നയിക്കുന്നത്.