തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന്(തിങ്കൾ) ആരംഭിക്കും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്.
ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ നിലവിൽ സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻററി അലോട്‌മെൻറ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വളരെവേഗം തന്നെ ഈ നടപടികൾ പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അലോട്ട്‌മെൻറ് ലഭിക്കാത്തവർക്ക് മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കാം.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും. 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സെക്രട്ടേറിയറ്റ് അനക്സ് – 2ലാണ് ചർച്ച.