കാൺപുർ: ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ സുജിത്ത് എന്നയാളാണ് പിടിയിലായത്.
കുഞ്ഞ് തന്‍റേതല്ലെന്ന സംശയത്തിന്‍റെ പേരിലാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ ഷംസേർ ബഹദൂർ സിങ്ങ് അറിയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂവെന്നും പൊലീസ് വ്യക്തമാക്കി.