Timely news thodupuzha

logo

റഷ്യയിൽ ആരാധനാലയങ്ങൾക്ക്‌ നേരെ വെടിവയ്‌പ്പ്

മോസ്‌കോ: റഷ്യയിലെ ഡാഗെസ്റ്റൺ മേഖലയിലുണ്ടായ കൂട്ട വെടിവയ്‌പിൽ പതിനഞ്ചിലധികം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസ്‌ ഉദ്യോഗസ്ഥരും ഒരു വൈദികനും ഉൾപ്പെട്ടിട്ടുണ്ട്‌.

രണ്ട്‌ ഓർത്തഡോക്‌സ്‌ പള്ളികൾക്ക്‌ നേരെയും രണ്ട്‌ സിനഗോഗുകൾക്ക്‌നേരെയും ഒരു പൊലീസ്‌ ട്രാഫിക്‌ പോസ്റ്റിന്‌ നേരെയുമായിരുന്നു വെടിവയ്‌പ്‌. ഞായറാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആക്രമണത്തിന്‌ പിന്നിൽ ഭീകരസംഘടനകളാണെന്ന്‌ റഷ്യ ആരോപിച്ചു. എന്നാൽ ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഡാഗെസ്റ്റണിലെ ഡെർബെന്റ്‌, മഖച്കല നഗരങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌. ഈ രണ്ട്‌ നഗരങ്ങൾ തമ്മിലും 120 കിലോ മീറ്റർ ദൂരമുണ്ട്‌. വെടിവയ്‌പിൽ നിരവധി പേർക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോർട്ടുകൾ.

ആക്രമണത്തിന്‌ ഉത്തരവാദികളായ ആറ്‌ തോക്ക്‌ ധാരികളെ പൊലീസ്‌ വധിച്ചിട്ടുണ്ട്‌. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്‌. കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി റഷ്യയിൽ ഭീകരാക്രമണങ്ങളുണ്ടാകുന്ന മേഖലയാണ്‌ ഡാഗെസ്റ്റൺ.

കറുത്ത വസത്രം ധരിച്ചായിരുന്നു തോക്ക്‌ ധാരികൾ ആക്രമണത്തിനെത്തിയത്‌. മഖച്കലയിലെ ഓർത്തഡോക്‌സ്‌ പള്ളിയിലെ വൈദികനാണ്‌ കൊല്ലപ്പെട്ടത്‌. ആക്രമിക്കപ്പെട്ട പൊലീസ്‌ പോസ്റ്റും മഖച്‌കലയിലാണ്‌.

Leave a Comment

Your email address will not be published. Required fields are marked *