തൊടുപുഴ: റിസർവ് ബാങ്കിൻ്റെ നിർദ്ദേശ പ്രകാരം 2022 ഫെബ്രുവരി മുതൽ ബാങ്കിംഗ് പ്രവർത്തനം നിർത്തിവെച്ച തൊടുപുഴ അർബൻ ബാങ്ക് ഇനിയും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തത് ബാങ്ക് ചെയർമാൻ വി.വി മത്തായിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് യു.ഡി.എഫ് നേതാക്കളായ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. ജോസഫ് ജോൺ, യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം ചെയർമാൻ എ.എം ഹാരിദ്, കൺവീനർ എൻ.ഐ ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, എം മോനിച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ബാങ്ക് പ്രവർത്തനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് 26 മുതൽ ജൂലൈ മൂന്ന് വരെ ജനകീയ കൺവെൻഷനുകളും ജൂലൈ രണ്ട് മുതൽ ഓഗസ്റ്റ് ആറ് വരെ ബാങ്കിൻ്റെ ബ്രാഞ്ചുകളുടെ മുന്നിൽ തുടർ സമരങ്ങളും നടത്തും.
ഈട് വസ്തുക്കളുടെ വില പെരുപ്പിച്ച് കാണിച്ചും മതിയായ രേഖകൾ ഇല്ലാതെയും വായ്പ പരിധി ലംഘിച്ചും നൽകിയ വായ്പ തുകകൾ തിരികെ പിടിക്കാൻ കഴിയാതെ ബാങ്കിന് 100 കോടി രൂപയിൽ അധികം നഷ്ടം വരുത്തി. ബാങ്കിൻ്റെ പ്രവർത്തനം തടഞ്ഞിരിക്കുന്നതിനാൽ നിരവധി പേരുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. അർബൻ ബാങ്കിൽ സി.പി.എം ഭരണ സ്വാധീനം ഉപയോഗിച്ച് നിർബന്ധിച്ച് നിക്ഷേപം നടത്തേണ്ടിവന്ന തൊടുപുഴ താലൂക്കിലെ 11 സഹകരണ സംഘങ്ങൾ നിക്ഷേപം തിരികെ നൽകാത്തതിനാൽ തകർച്ചയിലായി.
ബാങ്ക് തുറന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ചാൽ ചെയർമാൻ വി.വി മത്തായിയുടെ പേരിലും ക്രമക്കേട് നടത്തിയ സി.പി.എം അനുഭാവികളായ ചില ബാങ്ക് ജീവനക്കാരുടെ പേരിലും നടപടി എടുക്കേണ്ടിവരും എന്നതിനാൽ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കൂട്ടാക്കാത്തതാണ് ബാങ്ക് തുറന്ന് പ്രവർത്തിക്കുന്നതിന് ഇപ്പോൾ തടസ്സമായിട്ടുള്ളത്.
ബാങ്ക് ചെയർമാൻ മത്തായിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് ബാങ്ക് ജീവനക്കാരി അനധികൃതമായി എട്ട് ലക്ഷം രൂപ നിക്ഷേപിച്ച് അഴിമതി നടത്തിയത് സംബന്ധിച്ച് വിശദീകരണം നൽകുക, ബാങ്ക് ജീവനക്കാരിയുടെ പേരിൽ നടപടി സ്വീകരിക്കുക, ബാങ്കിൽ വായ്പയ്ക്കായി ഈട് നൽകിയ വസ്തുവിന്റെ ആധാരം തിരികെ നൽകുകയും ഈടില്ലാതെ തന്നെ വായ്പ അനുവദിക്കാൻ റിപ്പോർട്ട് നൽകിയ ജീവനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുക, അസാധുവാക്കിയ വില്പത്രത്തിന്റെ ഈടിന്മേൽ നൽകിയ മൂന്നു കോടി രൂപയുടെ വായ്പയും പലിശയും സഹിതം ആറുകോടി രൂപ ബാങ്കിന് നഷ്ടപ്പെടുത്താൻ നേതൃത്വം നൽകിയ ജീവനക്കാരുടെ പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയവ ആണ് റിസർബാങ്ക് നിർദ്ദേശങ്ങൾ.
ഇവ മനപ്പൂർവ്വം നടപ്പിലാക്കാതെയും റിസർവ് ബാങ്ക് ആവശ്യപ്പെട്ട റിപ്പോർട്ടുകൾ പോലും നൽകാൻ തയ്യാറാവാതെ ഇരിക്കുകയും ചെയ്യുന്നതാണ് ബാങ്ക് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുവാദം ലഭിക്കാത്തത്.
വായ്പ കുടിശിക ഈടാക്കുന്നതിന് ഈട് വസ്തുക്കളുടെ ലേലവും വില്പനയും നടത്തുന്നതിലും വൻ അഴിമതിയാണ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി 10% വീതം വിലകുറച്ച് ലേലം നടത്തിയിട്ടും വിറ്റ് പോകാത്ത വസ്തുക്കൾ നെഗോഷ്യേറ്റ് ചെയ്ത് വിൽപ്പന നടത്തുന്നതിലും വൻ അഴിമതിയാണ് നടത്തുന്നത്.
23.5 കോടി രൂപ ഈടാക്കേണ്ട 19 ഈട് വെച്ച വസ്തുക്കൾ 9 കോടിക്കാണ് ലേലം ചെയ്യാൻ പത്ര പരസ്യം നൽകിയിട്ടുള്ളത്. ഇതിൽ നിന്ന് തന്നെ ബാങ്കിനുണ്ടാവുന്ന നഷ്ടം വ്യക്തമാണ്. കരുവന്നൂരിനെ പോലെ വൻ അഴിമതിയാണ് ബാങ്കിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ച ബാങ്ക് ജനറൽ മാനേജർ ഭരണസമിതി സമ്മർദ്ദം മൂലം രാജിവച്ച ഒഴിയേണ്ട ഗതികേടിലായി.
ഇപ്രകാരമുള്ള നടപടികൾ മൂലം നിലവിലുള്ള സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയിൽ റിസർവ് ബാങ്കിനും ബാങ്ക് അംഗങ്ങൾക്കും വിശ്വാസം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ ചെയർമാനും ഭരണസമിതി അംഗങ്ങളും രാജിവച്ച് ഒഴിഞ്ഞ് ബാങ്കിനെ രക്ഷപ്പെടുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതിയിലെ സി.പി.ഐ, കേരള കോൺഗ്രസ് എം അംഗങ്ങൾ സി.പി.എമ്മിന്റെ തടവറയിൽ നിന്നും പുറത്ത് വന്ന് ബാങ്കിനെ രക്ഷപ്പെടുത്താൻ സ്വതന്ത്രമായും ധീരമായും നിലപാട് സ്വീകരിക്കാൻ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു.