Timely news thodupuzha

logo

ലോക്സഭാ സ്പീക്കർ: മത്സരമുറപ്പിച്ച് ഇന്ത്യ സഖ്യം

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. എൻഡിഎ സ്ഥാനാർഥി ഓം ബിർളയ്ക്കെതിരേ ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷാണ് സ്ഥാനാർഥിയാകുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. ബുധാഴ്ച രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കർ പദവി വിട്ടു നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഭരണ കക്ഷിയുമായുള്ള ചർച്ച സമവായത്തിൽ എത്താഞ്ഞതിനെ തുടർന്നാണ് പ്രതിപക്ഷ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മുഖ്യപ്രതിപക്ഷ കക്ഷിയ്ക്ക് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്നതാണ് കീഴ്‌വഴക്കം.

എന്നാൽ കഴിഞ്ഞ രണ്ട് തവണയും എൻഡിഎ സർക്കാർ ഇതനുവദിച്ചിരുന്നില്ല. ഇത്തവണ പ്രതിപക്ഷത്തിന് ലോക്സഭയിൽ മെച്ചപ്പെട്ട അവസ്ഥയുള്ളതിനാലാണ് ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനു വേണ്ടി ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ മുതൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ ഡപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുമെന്നതിൽ അദ്ദേഹം ഉറപ്പു നൽകിയിരുന്നില്ല.

അതിനിടെ ഡിഎംകെയെക്ക് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകി പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ സൃഷ്ടിക്കാനും ശ്രമം നടത്തി. ഇതേ തുടർന്നാണ് സഖ്യം കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. കൊടിക്കുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.

സ്പീക്കർ സ്ഥാനത്തേക്ക് വിജയിക്കാനായി 271 വോട്ടുകളാണ് വേണ്ടത്. ആകെ 542 സീറ്റുകളിൽ വയനാട് സീറ്റിൽ നിലവിൽ എം.പി ഇല്ല. എൻ.ഡി.എക്ക് 293 അംഗങ്ങളാണ് സഭയിലുള്ളത്. അതേ സമയം പ്രതിപക്ഷത്തിന് 233 അംഗങ്ങളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *