കോട്ടയം: കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനെതിരേ കൂടോത്രം ചെയ്യണമെങ്കിൽ അത് സതീശൻ കമ്പനിയല്ലാതെ മാറ്റാരുമായിരിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സുധാകരനെതിരേ സി.പി.എമ്മുകാർ കൂടോത്രം ചെയ്യാൻ സാധ്യതയില്ലെന്നും ബിജെപിക്കും അത്തരം ഏർപ്പാടില്ലെന്നും സുരേന്ദ്രൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൻറെ ഫലം വിലയിരുത്തി സി.പി.എം നേതൃത്വം മാരത്തൺ ചർച്ചകളിലാണ്. എന്നാൽ മുസ്‌ലിം സമുദായ സംഘടനകൾ വർഗീയമായി വോട്ടെടുപ്പിനെ ഉപയോഗിച്ചതിനെക്കുറിച്ച് അവർ സംസാരിക്കുന്നില്ല. ജമാ അത്തെ ഇസ്ലാമിയും സമസ്ത പോലും വർഗീയ നിലപാടിലേക്ക് തിരിഞ്ഞിട്ടും അതിനെ തള്ളിപ്പറയാൻ സി.പി.എം തയാറാകുന്നില്ലെന്നും വിമർശിച്ചു.
നടനെന്ന നിലയിൽ ഉദ്ഘാടനത്തിന് സുരേഷ് ഗോപി പണം വാങ്ങുന്നതിൽ തെറ്റില്ല. സർക്കാർ പരിപാടികളിലോ ജനങ്ങളുടെ പരിപാടികളിലോ പങ്കെടുക്കുന്നതിനല്ല അദ്ദേഹം പണം വാങ്ങുന്നത്.
അത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ മുകേഷും ഗണേഷ് കുമാറും പണം വാങ്ങുന്നുണ്ടല്ലോ, അദ്ദേഹമൊരു നടനല്ലെ, അദ്ദേഹത്തിന് അദ്ദേഹത്തിൻറേതായ ആവശ്യമുണ്ടാകും.
സിനിമാ നടന്മാരെ കച്ചവട സ്ഥാപനങ്ങൾ ഉദ്ഘാടനത്തിന് വിളിക്കുന്നത് അവർക്ക് പബ്ലിസിറ്റി കിട്ടാനാണ്. നടൻമാരെ വിളിച്ച് ഉദ്ഘാടനം നടത്തുന്നതിനെ പാർട്ടിയുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.