Timely news thodupuzha

logo

കാപ്പാ കേസ് പ്രതിയെ സ്വീകരിച്ച ശേഷം വിചിത്ര വാദം; ആർ.എസ്.എസിന് വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ പാർട്ടിയിലേക്ക് സ്വീകരിച്ച സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു.

ഇയാൾ നിലവിൽ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ആർ.എസ്.എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് ശരൺ ചന്ദ്രൻ പ്രതിയായത്.

ആ പ്രസ്ഥാനം അവരെ ക്രിമിനലുകളായി ഉപയോഗിക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് അവർ അത് ഉപേക്ഷിച്ചത്. ശരൺ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള 63 ചെറുപ്പക്കാരും പ്രസ്ഥാനം വിട്ടു.

ശരൺ ഇപ്പോൾ കാപ്പ കേസിൽ പ്രതിയല്ല. കാപ്പ ഒരു പ്രത്യേക കാലായളവിൽ മാത്രം ഉള്ളതാണ്. ആറ് മാസം കഴിയുന്നതോടെ അത് തീർന്നു. കാപ്പ ചുമത്തിയാൽ അത് ജീവിതകാലം മുഴുവൻ അങ്ങനെ മുദ്രുകുത്താനുള്ളതല്ല.

സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും രാഷ്ട്രീയ കേസുകളിൽ പെടുന്നവർക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ന്യായീകരിച്ചു.

അതേസമയം, ആയിരക്കണക്കിന് ആളുകളാണ് പാർട്ടിയിലേക്ക് വരുന്നതെന്നും മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ, അത് ഉപേക്ഷിച്ചുകൊണ്ടാണ് ഇവരെല്ലാം പാർട്ടിയിലേക്ക് വരുന്നതെന്നും മന്ത്രി വീണാ ജോർജ് വിശദീകരിച്ചു.

ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിച്ചവരാണ് പാർട്ടിയിലേക്ക് വന്നത്. ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്.

ഇക്കാര്യത്തിൽ വിശദമായ മറുപടി ഇക്കാര്യത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തെറ്റായ രീതികൾ ഉപേക്ഷിച്ചുകൊണ്ട് വന്നതിനാലാണ് അവർ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

എന്നാൽ പാർട്ടിയിലേക്ക് വരുന്നതോടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ശരൺ ചന്ദ്രൻ.

സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇതിനു പിന്നാലെയാണ് ശരണിന്റെ പാർട്ടി പ്രവേശം. കഴിഞ്ഞ വർഷം കാപ്പ ചുമത്തപ്പെട്ട ശരൺ ചന്ദ്രനെ നാടുകടത്താതെ താക്കീത് നൽകി വിട്ടിരുന്നു.

എന്നാൽ പിന്നീട് പത്തനംതിട്ട സ്റ്റേഷനിലെ കേസിൽ ഇയാൾ പ്രതിയായതോടെ കാപ്പ ലംഘിച്ചതിന് മലയാലപ്പുഴ അറസ്റ്റ് ചെയ്തു. ഇതിൽ ജാമ്യം കിട്ടിയെങ്കിലും പത്തനംതിട്ടയിലെ കേസിൽ റിമാൻഡിലായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. കാപ്പാ കേസിലെ പ്രതിയായ മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെ സിപിഎം വെള്ളിയാഴ്ചയാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്.

മന്ത്രി വീണാ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്യുകയും പ്രതിക്ക് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു മാലയിട്ട് സ്വീകരണവും നൽകിയിരുന്നു. 60ഓളം പേരെ പാർട്ടിയിലേക്ക് ചേർത്ത പരിപാടിയിലാണ് ശരൺ ചന്ദ്രൻ പങ്കെടുത്തത്. ശരൺ നേരത്തെ യുവമോർച്ചയുടെ ഏരിയാ പ്രസിഡന്റായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *