തൊടുപുഴ: തൊണ്ടിക്കുഴയില്‍ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം പാഴാകുന്നു. ചാലംകോട് ക്ഷേത്രത്തിന് സമീപത്തെ സിപിഎം പാര്‍ട്ടി ഓഫീസിന് മുന്നിലാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്.
ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പാണിത്. വെള്ളം വലിയ തോതില്‍ പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് വാട്ടര്‍ അതോററ്റി അധികൃതര്‍ പറയുന്നത്. റോഡിലൂടെ പരന്നൊഴുകുന്ന വെള്ളം 300 മീറ്ററോളം ഒഴുകി താഴെ റേഷന്‍ കടയ്ക്ക് സമീപം വച്ച് ഓടയില്‍ ചേരുകയാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സമാനമായ രീതിയില്‍ പൈപ്പ് പൊട്ടി വെള്ളമൊഴുകി എന്‍എസ്എസ് കരയോഗം ഓഫീസിന് സമീപം കുഴികള്‍ രൂപപ്പെട്ടിരുന്നു. ഇത് താല്‍ക്കാലികമായി അടച്ചെങ്കിലും തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്ന മൂലം നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന് പൊതുമരാമത്ത് അധികൃതരും പറയുന്നു. അതേ സമയം പൈപ്പുകള്‍ യോജിപ്പിക്കുന്ന വാല്‍വിന്റെ തകരാറാണ് ലീക്കേജിന് കാരണമെന്നാണ് വിവരം. ഇത് പരിഹരിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കുമെന്ന് ജല അതോററ്റി എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ അറിയിച്ചു.