തിരുവനന്തപുരം: കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
കൂടുതൽ രോഗികൾ എത്തുന്നുണ്ടെങ്കിൽ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കും. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിക്കും.
അവർക്കോ കുടുംബാംഗങ്ങൾക്കോ രോഗ ലക്ഷണങ്ങൾ കണ്ടാൽ സാമ്പിളുകൾ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിൻറെ തന്നെ സ്കൂളിലെ ചില കുട്ടികൾക്ക് കോളറ ലക്ഷണങ്ങൾ കണ്ടതിനാൽ അവർക്കും വിദഗ്ധ പരിചരണം ഉറപ്പാക്കി. സ്കൂളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ശക്തമായ വയറിളക്കമോ ഛർദിലോ നിർജലീകരണത്തിൻറെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി ചികിത്സ തേടണം. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആൻറിബയോട്ടിക് മരുന്നുകളുണ്ടെന്ന് മന്ത്രി അറിയിച്ചു.