പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ട്വിസ്റ്റ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്നും ഇത് വിശദമായ പരിശോധനയിൽ തെളിഞ്ഞതായും ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ.ജെ റീന വെളിപ്പെടുത്തി.
യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്ന് ബോധ്യമായി.
പിടികൂടിയ പാമ്പിനു വിഷമില്ലായിരുന്നു. ചിറ്റൂർ സ്ഥാപനത്തിലും ആന്‍റി സ്നേക് വെനം ഉണ്ടായിരുന്നിട്ടും യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയേണ്ട സാഹചര്യമില്ലായിരുന്നു.
സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനോടും ഡോക്ടറോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ചികില്‍സയ്ക്കായി എത്തിയ കരിപ്പോട് സ്വദേശി ഗായത്രിക്കാണ് പാമ്പുകടിയേറ്റതായി വാർത്തകൾ പുറത്തുവന്നത്. ചൂലിലാണ് ചെറിയ പാമ്പിനെ കണ്ടെത്തിയത്. ഇതിനെ പിന്നീട് പിടികൂടുകയായിരുന്നു.