Timely news thodupuzha

logo

741 കോടി രൂപയുടെ ജി.എസ്.റ്റി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കും

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം. എറണാകുളം ബൈപ്പാസ്, കൊല്ലം – ചെങ്കോട്ട തുടങ്ങിയ പാതകളുടെ നിര്‍മ്മാണത്തിന് ജി.എസ്.റ്റി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി.

രണ്ട് പാത നിര്‍മ്മാണങ്ങള്‍ക്കും ആയി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. 44.7 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്.

എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ദേശീയപാത 744 ല്‍ 61.62 കിലോ മീറ്ററില്‍ കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മ്മാണം ആണ് നടക്കുന്നത്.

ഇതിന് ജി.എസ്.റ്റി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിര്‍മ്മാണത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

നേരത്തെ ദേശീയപാത – 66ന്‍റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നല്‍കിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് ഈ രണ്ട് ദേശീയപാതാ പ്രവൃത്തികളും മുന്നോട്ട് കൊണ്ട് പോകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *