മലപ്പുറം: പെരിന്തൽമണ്ണ ക്രൈം ബ്രാഞ്ച് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ഇന്നലെയാണ് അന്വേഷണ ചുമതല പെരിന്തൽമണ്ണ പൊലീസിൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ബാലറ്റ് പെട്ടികൾ കൈകാര്യം ചെയ്തതിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ഗുരുതര അലംഭാവം ഉണ്ടായെന്നും ജില്ലാ കളക്ടർ കണ്ടെത്തിയിരുന്നു.
തർക്ക വിഷയമായ 348 സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതിൽ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിട്ടേണിങ് ഓഫീസർ കൂടിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.
ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ആയിരിക്കും പൊലീസ് അന്വേഷണം. ഈ ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇവരുടെ മറുപടി കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്കകം ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.