ഇന്ത്യൻ കോർപ്പറേറ്റുകളിൽ പ്രമുഖ സ്ഥാനത്താണ് ഇപ്പോൾ അദാനി ഗ്രൂപ്പുള്ളത്. ഫ്ലാഗ് ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസ് അടക്കം പല മേഖലകളിലുള്ള ബിസിനസ് സ്ഥാപനങ്ങൾ അവർക്കുണ്ട്. പോർട്ട് മാനെജ്മെന്റ്, വൈദ്യുതി ഉത്പാദനം- വിതരണം, പാരമ്പര്യേതര വൈദ്യുതി, ഖനി, വിമാനത്താവളം നടത്തിപ്പ്, പ്രകൃതി വാതകം, ഭക്ഷ്യസംസ്കരണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി അവരുടെ മേഖലകൾ വിശാലമാണ്. പതിനായിരക്കണക്കിനാളുകൾക്ക് അവർ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയി. അദാനി ഗ്രൂപ്പ് വിപണി മൂല്യം 100 ബില്യൻ ഡോളർ കടക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഗ്രൂപ്പായത് 2021 ഏപ്രിലിലായിരുന്നു.
2022 ഏപ്രിലിൽ അത് 200 ബില്യൻ ഡോളറായിട്ടാണ് ഉയർന്നത്. ടാറ്റ ഗ്രൂപ്പിനും റിലയൻസ് ഇൻഡസ്ട്രീസിനും ശേഷം അദാനിയാണ് ഈ നേട്ടത്തിലെത്തുന്ന മറ്റൊരു സ്ഥാപനം. 2022 നവംബറിൽ അദാനി ഗ്രൂപ്പ് വിപണി മൂല്യത്തിൽ ടാറ്റയെ പിന്തള്ളി- 280 ബില്യൻ ഡോളറിലെത്തി. രാജ്യത്തെ കൽക്കരി വ്യാപാരത്തിന്റെ നല്ല പങ്കും അദാനിയുടേതാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.
ഷോർട്ട് സെല്ലർമാരും യുഎസിൽ നിന്നുള്ള റിസർച്ച് സ്ഥാപനവുമായ ഹിൻഡെൻബർഗ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ എത്രമാത്രം ഗൗരവത്തോടെ കാണേണ്ടതാണെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നുണ്ടല്ലോ. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ചു കാണിക്കുന്നതടക്കം ക്രമക്കേടുകൾ നടത്തിയെന്ന് ഹിൻഡെൻബർഗ് ആരോപിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ മൊത്തം ചിത്രത്തിൽ ആശങ്കകൾ ഉയരുന്നു. ഇതിൽ എത്രയും വേഗം വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്.