തിരുവനന്തപുരം: കേരളത്തിൽ വലിയ ഭക്ഷ്യ വിഷബാധ ഉണ്ടായാൽ പോലും കേസ് എടുക്കാൻ തടസമായി വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ. ഷവർമ കഴിച്ച് പയ്യന്നൂരിലെ പ്ലസ്ടു വിദ്യാർത്ഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ എട്ട് മാസമായിട്ടും ആന്തരിക പരിശോധന ഫലം പോലും വന്നിട്ടില്ല എന്നത് നീതി വൈകുന്നതിന്റെ നേർ സാക്ഷ്യമാണ്. നിയമം നടപ്പാക്കുന്നതിൽ തദ്ദേശ, ഭക്ഷ്യ സുരക്ഷ വകുപ്പുകൾ രണ്ടു തട്ടിൽ നിൽക്കുന്നതിനാൽ സാമ്പിളെടുക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങളിൽ പാളിച്ച സംഭവിക്കുന്നു. 2015 മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത ആയിരത്തി അഞ്ഞൂറോളം കേസുകളിൽ വിചാരണ പൂർത്തിയാക്കി വിധി പറയാൻ കഴിഞ്ഞിട്ടില്ല.