കോതമംഗലം: വ്യാഴാഴ്ച്ച രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എച്ച്1എൻ1 രോഗബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്വമേധ്യ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
കോതമംഗലം നഗരത്തിലെ ചെറിയപള്ളിതാഴത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും അണുനാശിനി ഉപയോഗിച്ച് ബാങ്ക് ക്ലീൻ ചെയ്യുകയും ഉപയോക്താക്കളോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് ഇന്നലെ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.
ഇടപാടുകാർ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ആയിരുന്നു.
ബാങ്കിലെ ശീതീകരണ സംവിധാനങ്ങളുടെ പ്രവർത്തനം നിർത്തിക്കുകയും പ്രധാന വാതിലും ജനാലകളും തുറന്നിടാനും ബാങ്കിന്റെ പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുവാൻ നിർദ്ദേശിക്കുകയും ചെയതു.
ഇന്‍ഫ്ലുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന എച്ച്1എൻ1 ബാധ കോതമംഗലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയി. പനി, തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി തുടങ്ങിയ രോഗ ലക്ഷണങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്നും രോഗ പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണമെന്നും കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ അറിയിച്ചു.