ന്യൂഡൽഹി: ഗവർണർമാർ അകാരണമായി ബില്ലുകൾ വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് കേരളവും പശ്ചിമ ബംഗാളും സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന്‍റെ മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി. ഇരു സംസ്ഥാനത്തെയും സെക്രട്ടറിമാരാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ കെ.കെ വേണുഗോപാലാണ് കേരളത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.